Friday, May 6, 2011

വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി ടീൻസ് ക്യാമ്പ്


വനത്തെയും പ്രകൃതിയെയും തൊട്ടറിഞ്ഞ് വോയ്‌സ് ടീൻസ് വിംഗ് സംഘടിപ്പിച്ച ടീൻസ് ക്യാംപ് വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയത് അറിവിന്റെ പുതിയ പാഠങ്ങൾ.പഠന സെഷനുകള്‍, ചര്‍ച്ചകള്‍, ക്വിസ് പ്രോഗ്രാം, കള്‍ച്ചറല്‍ ആക്ടിവിറ്റീസ്, ട്രക്കിംഗ്, വനനിരീക്ഷണ യാത്ര തുടങ്ങി വ്യത്യസ്തമായ സെഷനുകളിലായി നടന്ന ക്യാംപ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി മാറി. ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾ മുഴുസമയം പങ്കെടുത്ത ക്യാംപിൽ അവരെ സഹായിക്കാൻ എട്ടോളം വോയ്‌സ് പ്രവർത്തകരും സുസജ്ജമായി രംഗത്തുണ്ടായിരുന്നു. 
മെയ് രണ്ടിന് രാവിലെ 9 മണിക്ക് വോയ്‌സ് സാംസ്കാരിക കേന്ദ്രത്തിനടുത്തുനിന്നും യാത്രയാരംഭിച്ച സംഘം മമ്പാട് ബീമ്പുങ്ങൽ വഴി ചാലിയാറിനക്കരെ കടന്ന് അവിടെനിന്നും ഓട്ടോറിക്ഷയിൽ പാലക്കടവെത്തുകയായിരുന്നു. അവിടെനിന്നും മൂന്നു കിലോമീറ്ററിലേറെ നടന്ന് പുള്ളിപ്പാടം വില്ലേജിലെ വനപ്രദേശമായ കണക്കൻകടവിലെത്തി. വോയ്‌സ് മുൻ ചെയർമാൻ വി.പി. അഹമ്മദ്കുട്ടി മദനിയുടെ സഹോദരിയുടെ വീട്ടിലാണ് ക്യാംപ് സജ്ജീകരിച്ചിരുന്നത്. 
ഒരുമണിയോടെ ക്യാംപ് ആരംഭിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി ക്യാംപങ്ങൾ പരസ്പരം പരിചയപ്പെടുത്തി. തുടർന്ന് നിലമ്പൂര്‍ പ്രകൃതിപഠനകേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്ലക്കുട്ടി എടവണ്ണ ക്യാംപ് ഉദ്ഘാടനം ചെയ്തു. വോയ്‌സ് ചെയര്‍മാന്‍ പി. ഫിറോസ് അധ്യക്ഷത വഹിച്ചു. 
ഗോൾസെറ്റിംഗ് എന്ന വിഷയത്തിൽ അബ്ദുല്ലക്കുട്ടി മാസ്റ്റർ ക്ലാസ്സെടുത്തു.
വൈകീട്ട് നടന്ന വനസന്ദർശനവും ട്രക്കിംഗും വിദ്യാർത്ഥികൾക്ക് കൗതുകമുണർത്തുന്ന അനുഭവങ്ങളായി. ജീവിതത്തിലെ ഓരോ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഈ യാത്രയെ വിവരിച്ച് അവർക്ക് മാർഗനിർദേശകനായി അബ്ദുല്ലക്കുട്ടി മാസ്റ്റർ കൂടെയുണ്ടായിരുന്നു.
മറ്റു ക്ലാസ്സുകൾക്കു ശേഷം രാത്രി നടന്ന കലാപരിപാടികളിൽ ക്യാംപിലെ ഓരോ അംഗവും വ്യക്തിപരമായി തന്നെ പങ്കുകൊണ്ടു. നാടൻപാട്ടുകളും മാപ്പിളപ്പാട്ടുകളും സിനിമാഗാനങ്ങളും പരിപാടിക്ക് കൊഴുപ്പേകിയപ്പോൾ കൈത്താളങ്ങളോടെ കൂടെയുള്ളവരും ഏറ്റുപാടി.
രണ്ടുദിവസത്തെ ക്യാംപിനു ശേഷം മൂന്നാം തിയ്യതി ഉച്ചഭക്ഷണത്തിനുശേഷം ക്യാംപ് അവലോകനത്തോടെ കണക്കൻകടവിൽനിന്നും തിരിച്ചുപോരുമ്പോൾ മറ്റൊരു ക്യാംപിന് മനസ്സുകൊണ്ട് ഇവർ തയ്യാറായിക്കഴിഞ്ഞിരുന്നു. 
ക്യാംപിന് ഷമീം സി.കെ, ആഷിഖ്, ആഷിഖ് ജലീല്‍, രഞ്ജിത്ത്, യൂനുസ് സി എന്നിവര്‍ നേതൃത്വം നല്‍കി. വോയ്‌സ് ചെയർമാൻ പി ഫിറോസ്, കൺവീനർ ഇർഷാദ് പി, നിസാമുദ്ദീൻ വി, റമീസ് അഹമ്മദ്, സൈഫുദ്ദീൻ പി, റസീസ് അഹമ്മദ്, ഗഫൂർ പി, ജംഷിദ് ടി, റിയാസ് ബാബു സി.പി എന്നിവർ സഹായവുമായി സജീവമായി രംഗത്തുണ്ടായിരുന്നു.
കൂടുതൽ ചിത്രങ്ങൾ

No comments:

Post a Comment