Friday, August 5, 2011

വോയ്‌സ് സേവന വീഥിയില്‍ ഒരു പതിറ്റാണ്ട് പിന്നിടുന്നു.

വോയ്‌സ് സേവന വീഥിയില്‍ ഒരു പതിറ്റാണ്ട് പിന്നിടുന്നു.
സഹോദരാ,
               ഈ ലോക മുണ്ടായിട്ടെത്ര നാളായി ? അറിയില്ല. ഇനി എത്ര കാലം നിലനില്‍ക്കും ? അറിയില്ല. ആദിയില്‍ നിന്നും തുടങ്ങിയ മഹാ കാലപ്രവാഹത്തില്‍ 10 വര്‍ഷങ്ങള്‍ വളരെ നിസാരമായിരിക്കും. സമുദ്രത്തില്‍ നിന്നുമെടുത്ത ഒരു ജല കണം പോലെ, പക്ഷെ നിമിഷങ്ങള്‍ക്ക് അഹ്ലാദം പകര്‍ന്ന് കൊണ്ട് മഴവില്ലില്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കാന്‍ ചെറിയ ജലത്തുള്ളികള്‍ക്കാവും. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ നന്‍മ്മയുടെ സപ്തവര്‍ണ്ണങ്ങള്‍ തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍. സേവനങ്ങള്‍ വിളിച്ച് പറയാനല്ല സംഘടനയുടെ വ്യതിരിക്തത സുമനസ്സുകള്‍ക്ക് ബോധ്യപ്പെടുത്താന്‍ എളിയ സൂചനകള്‍ നന്നായിരിക്കുമല്ലോ. നാട്ടിന്‍ പുറങ്ങളിലെ നല്ല കൂട്ടായ്മകള്‍ ഭൂതകാലത്തിന്റെ മധുര സ്മരണകള്‍ മാത്രമായി അവശേഷിച്ച് കൊണ്ടിരിക്കെ അത്തരം ഒരു കൂട്ടായ്മയെ ഒരു പതിറ്റാണ്ട് സക്രിയമായി നിലനിര്‍ത്തി എന്നതാണ് സമൂഹത്തിന് ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞ വലിയ സംഭാ-വന. നാനാവിധ തിന്‍മകളിലേക്കും പെരുവഴികള്‍ തുറന്നിട്ട വിവര വിപ്ലവ കാലത്ത് പ്രത്യേകിച്ചും. തുടക്കം മുതല്‍ വേറിട്ട വ്യക്തിത്വം നിലനിര്‍ത്താന്‍ പരിശ്രമിച്ചതിന്റെ ഭാഗമായി നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പാഠ പുസ്തകവും വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് പഠിപ്പിക്കലും തുടങ്ങിയവയിലൂടെയാണ് തുടക്കം. ലഹരി വിരുദ്ധ പ്രവര്‍തനങ്ങളില്‍ സജീവമായി ഇടപെടുകയും പഞ്ചായത്ത് മുഴുവന്‍ സന്ദേശ പ്രചരണം നടത്തുകയും ചെയ്തു. മലപ്പുറത്തെ സത്യാഗ്രഹത്തിലും സംഘടന പങ്കുകൊണ്ടു. വിദ്യാഭ്യാസ രംഗത്ത് കഴിവുള്ളവരെ പ്രോല്‍സാഹിപ്പിക്കാനും ഉദ്യോഗതലങ്ങളില്‍ പ്രവര്‍ത്തകരെ എത്തിക്കാനും സാധിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട പഠന കേമ്പുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തികൊണ്ടിരിക്കുന്നു. സ്ത്രീധനം വാങ്ങാതെ കല്ല്യാണം കഴിക്കുന്ന പ്രവര്‍ത്തകരെ സഹായിക്കാനും, അകാലത്തില്‍ വിട്ട് പിരഞ്ഞ പ്രവര്‍ത്തകന്റെ അനാഥയായ മകളെ സഹായിക്കുന്നതിനുമൊക്കെ പണം സ്വരൂപിച്ചപ്പോഴാണ് പലിശ രഹിതമായ ഒരു വായ്പ്പ പദ്ധതിയുടെ ആശയത്തിലേക്ക് സംഘടന കടന്നു വന്നത് . അത് വിജയകരമായി അതിന്റെ ബാല്യം പിന്നിട്ട് കഴിഞ്ഞു. കായിക രംഗത്തും കലാരംഗത്തും പഞ്ചായത്തിലെ നിറ സാന്നിദ്ധ്യമാവാന്‍ സംഘടനക്ക് കഴിയുന്നുണ്ട്. നെഹ്‌റു യുവ കേന്ദ്ര , യുവജന ക്ഷേമ ബോര്‍ഡ് എന്നിവയുമായി സഹകരിച്ച് പല പദ്ധതികളും നടപ്പിലാക്കുവാന്‍ കഴിഞ്ഞു.2006 ല്‍ പ്രവര്‍ത്തനമാരംഭിച്ച ലൈബ്രറി 2010 ഓടുകൂടി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തന രംഗത്തുണ്ട്. ആധുനിക സംവിധാനങ്ങളായ L.C.D പ്രോജക്ടര്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവയും ഉപയോഗപ്പെടുത്തുന്നു. അത്യാവശ്യമായി വരുന്ന നാട്ടുകാര്‍ക്ക് രക്ത നിര്‍ണയ കേമ്പിലൂടെ സ്വരൂപിച്ച ബ്ലഡ് ലിസ്റ്റ് രൂപികരിച്ചിട്ടുണ്ട്. ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തമായ ആസ്ഥാനമുണ്ടാവുക ലൈബ്രറിക്ക് വിപുലമായ സൗകര്യങ്ങളൊരുക്കുക എന്ന ഉദ്ദേശത്തോടെ സംഘടന സ്വന്തമായി (3 ലക്ഷം വിലവരുന്ന) സ്ഥലം വാങ്ങാന്‍ തീരുമാനിച്ച സന്തോഷത്തിലാണ് പ്രവര്‍ത്തകര്‍. മുന്നോട്ടുള്ള പ്രയാണത്തില്‍ താങ്കളെ പോലുള്ള നല്ല മനസ്സുകളുടെ സഹായം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്‌നേഹത്തോടെ വോയ്‌സ് പ്രവര്‍ത്തകര്‍,
Ph : 9946763764 (പി. ഫിറോസ്)
     9447357467 (എം. ഇബ്രാഹീം)

No comments:

Post a Comment